യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ ആത്മീയതയ്ക്കും ആഗോള സമാധാനത്തിനും ഊന്നൽ നൽകി ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. തന്റെ ഭരണകാലത്തെയും ജീവിതത്തെയും നയിക്കുന്ന മൂല്യങ്ങളെക്കുറിച്ച് വാചാലനായ അദ്ദേഹം, ലോകരാജ്യങ്ങൾക്കിടയിൽ സമാധാനം പുലരേണ്ടതിന്റെ അനിവാര്യതയും ഓർമ്മിപ്പിച്ചു. അമേരിക്കയുടെ 250-ാം വാർഷികാഘോഷ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചാൾസ് രാജാവിനെയും കാമില രാജ്ഞിയെയും ക്ഷണിക്കുകയായിരുന്നു. കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ചാൾസിന്റെ ആദ്യ പ്രസംഗമായിരുന്നു ഇത്. പ്രസംഗത്തിൽ തന്റെ ക്രിസ്തീയ വിശ്വാസത്തെ ജീവിതത്തിന്റെ അടിത്തറയായാണ് രാജാവ് വിശേഷിപ്പിച്ചത്. "ക്രിസ്തീയ വിശ്വാസം എന്റെ ജീവിതത്തിലെ ഉറച്ച നങ്കൂരവും ദിനംപ്രതിയുള്ള പ്രചോദനവുമാണ്," എന്ന് അദ്ദേഹം പറഞ്ഞു. ഈ വിശ്വാസം വ്യക്തിപരമായ തലത്തിൽ മാത്രമല്ല, ഒരു സമൂഹമെന്ന നിലയിൽ എല്ലാവരെയും ഒരുമിച്ച് നയിക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ബ്രിട്ടീഷ് രാജാവ്, മതസൗഹാർദ്ദത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. വിവിധ മതവിഭാഗങ്ങൾക്കിടയിൽ പരസ്പര ധാരണ വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമാധാനം സ്ഥാപിക്കുന്നതിനായി ആയുധങ്ങൾ ഉപേക്ഷിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈസ്റ്റർ കാലഘട്ടം നൽകുന്ന പ്രത്യാശയെക്കുറിച്ചും രാജാവ് പ്രസംഗത്തിൽ പരാമർശിച്ചു. ലിറ്റർജിക്കൽ കലണ്ടർ പ്രകാരം നാം ഇപ്പോഴും ഈസ്റ്റർ കാലഘട്ടത്തിലാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ലോകത്ത് സമാധാനം പുലരാനായി താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതായും വ്യക്തമാക്കി. മനുഷ്യത്വം, കാരുണ്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ അമേരിക്കയും ബ്രിട്ടനും കൈകോർക്കണമെന്ന സന്ദേശത്തോടെയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്
Back to News
1 min read